ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആരുടേയും സ്വകാര്യസ്വത്തോ, നിയന്ത്രണത്തിലോ അല്ലാത്ത, ബൗദ്ധികസ്വത്തുക്കൾ എന്ന് പൊതുവേ അറിയപ്പെടുന്ന അമൂർത്ത വസ്തുക്കളുടെ ശേഖരമാണ്, പൊതുസഞ്ചയം ( Public Domain) എന്ന പേരിൽ അറിയപ്പെടുന്നത്.
പൊതുസഞ്ചയത്തിലുള്ള ഈ അമൂർത്ത വസ്തുക്കൾ പൊതുവായ സ്വത്താണെന്നും അവ ആർക്കു വേണമെങ്കിലും ഏതാവശ്യത്തിനും ഉപയോഗിക്കാമെന്നുമാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. വിവിധ തരത്തിലുള്ള ബൗദ്ധികസ്വത്തവകാശവുമായി (Intellectual Property Right) തുലനം ചെയ്തു കൊണ്ടാണ് പൊതുസഞ്ചയം നിർവചിക്കുന്നത് ; പൊതുസഞ്ചയവും, പകർപ്പവകാശം (Copy Right) സംരക്ഷിക്കപ്പെട്ട കൃതികളുമായുള്ള താരതമ്യം, വാണിജ്യാവകാശമുള്ള ചിഹ്നങ്ങളും (Trade Marks), തമ്മിൽ താരതമ്യം ചെയ്യുന്നതിൽ നിന്നു വ്യത്യസ്തമാണ്. മാത്രവുമല്ല, പൊതുസഞ്ചയത്തിന്റെ വ്യാപ്തി, വിവിധ രാജ്യങ്ങളിലെ നിയമപ്രകാരം വ്യത്യസ്ത രീതികളിലാണ് നിർവചിക്കപ്പെട്ടിരിക്കുന്നത്.
ഉപയോഗം പകർപ്പവകാശം കൊണ്ട് നിയന്ത്രിച്ചിട്ടുള്ള ബൗദ്ധിക വസ്തുക്കളുമായി തുലനം ചെയ്തുകൊണ്ടാണ് പൊതുസഞ്ചയം പലപ്പോഴും ചർച്ച ചെയ്യപ്പെടാറുള്ളത്. ആധുനിക നിയമങ്ങൾ അനുസരിച്ച്, കല, സാഹിത്യം, സംഗീതം തുടങ്ങിയവയിലെ കൃതികൾ, അവ സൃഷ്ടിക്കപ്പെടുന്നതു മുതൽ, ഒരു നിശ്ചിതകാലത്തേക്ക് (വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ കാലയളവാണ് നിലവിലുള്ളത്) അവയുടെ പകർപ്പവകാശം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ന്, ലോകത്തിലെ ഗ്രന്ഥശാലകളിലുള്ള മൊത്തം പുസ്തകങ്ങളിൽ, 15 ശതമാനം മാത്രമാണ് പൊതുസഞ്ചയത്തിലുള്ളത്; പത്തു ശതമാനം അച്ചടിയിലാണ്, ബാക്കി 75 ശതമാനവും പകർപ്പവകാശമുള്ളതുകൊണ്ട്, പൊതുവിൽ ലഭ്യമല്ല എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.
വാണിജ്യഛിന്നങ്ങളുമായി താരതമ്യപ്പെടുത്തിയും പൊതുസഞ്ചയം എന്താണെന്നു നിർണ്ണയിക്കാം.വാണിജ്യകാര്യങ്ങൾക്കായി ഉപയോഗിക്കുന്ന പേരുകൾ, നാമഛിഹ്നങ്ങൾ (Logos) , അതുപോലെ തിരിച്ചറിയാനുതകുന്ന സംജ്ഞകൾ തുടങ്ങിയവ ഒരൊറ്റ വാണിജ്യാവശ്യത്തിനായി മാത്രം ഉപയോഗിക്കാവുന്നവിധം സ്വകാര്യ വാണിജ്യഛിഹ്നം എന്ന നിലയിൽ നിയന്തിക്കാം. വാണിജ്യഛിഹ്നങ്ങൾ എക്കാലത്തേക്കും സ്വകാര്യമായി പരിരക്ഷിക്കാൻ കഴിയും ; എന്നാൽ നിരുപയോഗമോ, അവഗണനയോ, വ്യാപകമായ ദുരുപയോഗമോ കൊണ്ട് വ്യാപാരഛിഹ്നമെന്ന സംരക്ഷ ഇല്ലാതാവുകയും പൊതുസഞ്ചയത്തിലാവുകയും ചെയ്യാം; മാത്രവുമല്ല, പൊതുസഞ്ചയത്തിൽ നിന്ന് പിന്നീട് അത് സ്വകാര്യസ്വത്തായിത്തീരുകയും ചെയ്യാം.
നിർമ്മാണാവകാശമുള്ളവയിൽ (Patent) നിന്നും വ്യത്യസ്തമാണ് പൊതുസഞ്ചയത്തിലുള്ളവ. പുതിയ കണ്ടുപിടിത്തങ്ങൾ, അതിന്റെ ഉടമസ്ഥന്റെ അനുവാദമില്ലാതെ അവ ഉപയോഗിക്കുന്നതു നിയന്ത്രിക്കുന്ന നിർമ്മാണാവകാശം സ്ഥാപിച്ചെടുക്കാം. പകർപ്പവകാശം പോലെ, ഒരു നിശ്ചിത കാലത്തേക്കാണ് നിർമ്മാണാവകാശം നൽകിവരുന്നത് ; കാലാവധിക്കുശേഷം അവ ആർക്കും ഉപയോഗിക്കത്തക്ക വിധം പൊതുസഞ്ചയത്തിലായിത്തീരും.
നിയമപരമായി നിയന്ത്രണങ്ങളില്ലാത്തവ
ഒരു ആവിഷ്കാരം, പൊതുജനങ്ങൾ യഥേഷ്ടം ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നിയമങ്ങളില്ലെങ്കിൽ, അതു പൊതുസഞ്ചയത്തിലുള്ളതാണെന്നു പറയാം. ഉദാഹരണത്തിന്, ഒരു കൃതിയിന്മേൽ അതിന്റെ സ്വത്തവകാശം നിശ്ചയിക്കുന്ന ഒരു നിയമം നിലവിലില്ലെങ്കിലോ, സുവ്യക്തമായി അത്, അപ്രകാരമുള്ള നിയമങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലോ ആ കൃതി അല്ലെങ്കിൽ ആവിഷ്കൃതവസ്തു പൊതുസഞ്ചയത്തിലുൾപ്പെട്ടതായി കരുതാം.
ബൗദ്ധികസ്വത്തവകാശം ഓരോ രാജ്യങ്ങളിലേ നിയമം അനുസരിച്ച് വ്യത്യസ്തങ്ങളായതിനാൽ, ഒരു രാജ്യത്ത്, അല്ലെങ്കിൽ നിയമപരിധിയിൽ, പൊതുസഞ്ചയത്തിൽ വരുന്ന ഒരു കൃതി, മറ്റോരുരാജ്യത്ത്, പൊതുസഞ്ചയത്തിൽ ആയിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന്, അമേരിക്കയിൽ പൊതുസഞ്ചയത്തിൽ വരുന്ന ചില സാഹിത്യകൃതികൾ യൂറോപ്പിയൻ യൂണിയനിൽ പൊതുസഞ്ചയത്തിൽ വരില്ല; മറിച്ചും.
പൊതുവേ, ഒരു കൃതിയുടെ അടിസ്ഥാനമായ ആശയത്തിനല്ല (Idea), ആശയങ്ങളുടെ അവതരണരീതിക്കാണ് (Expression) പകർപ്പവകാശമുള്ളത് (ആശയ-അവതരണവിഭജനം കാണുക). അതുകൊണ്ട്, ഒരു ഗണിതസൂത്രവാക്യം പൊതുസഞ്ചയത്തിൽ വരുമെന്നതുകൊണ്ട്, അതിന്റെ മൃദുവർത്തിയിലുള്ള ( Software) ആവിഷ്കരണവും പകർപ്പവകാശസംരക്ഷണത്തിൽ വരികയില്ല; എന്നാൽ, ചിലയിടത്ത്, ആ സൂത്രവാക്യമനുസരിച്ച് ആവിഷ്കരിച്ച മൃദുവർത്തിയിലുള്ള ക്രീയാക്രമം (Algorithm) മൃദുവർത്തിപ്പകർപ്പവകാശത്തിൽപ്പെടും (Software Copyright).
പകർപ്പവകാശനിയമങ്ങൾ വരുന്നതിനു മുൻപുള്ള രചനകൾ പൊതുസഞ്ചയത്തിൽപ്പെടും. ബൈബിളും ആർക്കമിഡീസിന്റെ കണ്ടുപിടിത്തങ്ങളും പൊതുസഞ്ചയത്തിൽ വരും. എന്നാൽ അവയുടെ പരിഭാഷയ്ക്കോ, നവീനാവിഷ്കരണത്തിനോ പകർപ്പവകാശം ഉണ്ടായെന്നു വരാം.
വസ്തുതകളും കാര്യങ്ങളും പൊതുസഞ്ചയത്തിൽ എത്തുന്നതു തടയാനല്ല ബൗദ്ധികസ്വത്തവകാശനിയമങ്ങളെങ്കിലും, അവ പുതിയ രീതിയിൽ ശേഖരിക്കുന്നതിനും അല്ലെങ്കിൽ ചിട്ടയായി പ്രദർശിപ്പിക്കുന്നതിനും പകർപ്പവകാശം ഉണ്ടാവാം; ഉദാഹരണത്തിന് ചിട്ടപ്പെടുത്തിയ ഒരു പട്ടിക. ടെലിഫോൺ ഡയറക്റ്ററി പോലെ സാമാന്യയുക്തിക്കനുസരിച്ച് അകാരാദിക്രമത്തിൽ വർഗീകരിച്ച ദത്തങ്ങളുടെ ശേഖരങ്ങൾക്ക് പൊതുവേ പകർപ്പവകാശമില്ല. എന്നാൽ, ചില രാജ്യങ്ങളിൽ, വെറും വസ്തുതകൾ മാത്രമടങ്ങുന്ന അത്തരം ദത്തശേഖരങ്ങൾക്ക് (Database)പകർപ്പവകാശ സദൃശമായ ചില അവകാശങ്ങൾ നൽകാറുണ്ട്. യൂറോപ്പിൽ, സൂയി ജനറിസ് ദത്തശേഖരാവകാശം നിലവിലുണ്ട്.
അമേരിക്കൻ സർക്കാരിന്റേയും അതുപോലെ മറ്റുരാജ്യങ്ങളിലെ സർക്കാരിന്റെയും കൃതികൾ പകർപ്പവകാശനിയമങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്; അതുകൊണ്ട് അവ, അതത് രാജ്യങ്ങളിൽ പൊതുശേഖരത്തിൽ ഉള്ളവയായി കരുതാം. ഇതര രാജ്യങ്ങളിലും അവ പൊതുസഞ്ചയത്തിലുള്ളവയായി വരാം.. എന്നാൽ, ഇന്ത്യയിൽ സർക്കാർ കൃതികളുടെ (സർക്കാർ വകുപ്പുകളോ, നിയമസഭകളോ, കോടതികളോ നിർമ്മിച്ചവ) പകർപ്പവകാശം, 1957 ലെ പകർപ്പവകാശനിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, മറ്റു ചില രാജ്യങ്ങളിൽ നിലവിലുള്ളതുപോലെ, അവ പൊതുസഞ്ചയത്തിൽ ഉള്ളവയാണെന്നു കരുതാനാവില്ല.
പൊതുസഞ്ചയത്തിലുള്ള ഒരു കാര്യം പകർപ്പവകാശമുള്ള ഒരു കൃതിയിൽ ഉൾപ്പെടുത്തിയാൽ പോലും, ആ കാര്യത്തിന് പകർപ്പവകാശസംരക്ഷണമുണ്ടാവില്ല എന്നത് ഒരു സാമാന്യയുക്തിയാണ് എന്ന് മെൽവിൽ ബർണാഡ് നിമ്മർ എന്ന അമേരിക്കൻ നിയമപണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ട്‍.
കാലഹരണം
പകർപ്പവകാശവും നിർമ്മാണാവകാശവും കാലപരിധിക്കു വിധേയമാണ്; എന്നാൽ അവയുടെ കാലാവധിക്കു വ്യത്യാസമുണ്ട്. ഇവയുടെ കാലപരിധി കഴിയുമ്പോൾ, പൊതുസഞ്ചയത്തിൽ എത്തുന്നു. പല രാജ്യങ്ങളിലും, നിർമ്മാണാവകാശത്തിന് ഇരുപതു വർഷമാണു കാലാവധി. എന്നാൽ, വാണിജ്യഛിന്നങ്ങൾ കാലാകാലം പുതുക്കിക്കൊണ്ടും, സ്ഥിരമായി ഉപയോഗിച്ചുകൊണ്ടും കാലപരിധിയില്ലാതെ അവയുടെ അവകാശികൾക്ക് ഉപയോഗിച്ചുകൊണ്ടിരിക്കാം; അല്ലെങ്കിൽ അവ സാമന്യവാണിജ്യഛിന്നങ്ങൾ (Genericized Trademarks)ആയിത്തീരും.
1957ലെ ഇന്ത്യൻ പകർപ്പവകാശനിയമം അനുസരിച്ച്, ഒരു കൃതിയുടെ പകർപ്പവകാശം ഇന്ത്യയിലെമ്പാടും സംരക്ഷിച്ചിട്ടുള്ളത് സാമാന്യമായി, 60 വർഷത്തേക്കാണ്. അതിനുശേഷം ആ കൃതിക്ക് പകർപ്പവകാശമുണ്ടാവുകയില്ല.
അവലംബം
- ↑ കെവിൻ കെല്ലി, ന്യുയോർക്ക് ടൈംസ് , 2006 മെയ് 14
- ↑ ഗണിതക്രീയാക്രമങ്ങളുടെ പകർപ്പവകാശവും അമേരിക്കൻ പകർപ്പവകാശപരിശോധനയും
- ↑ "അമേരിക്കൻ പേറ്റന്റ് ഓഫീസ് നോട്ടീസ്". Archived from the original on 2008-11-21. Retrieved 2008-12-03.
- ↑ "കോപ്പീറൈറ്റ് ബേസിക്സ്". Archived from the original on 2008-03-28. Retrieved 2008-11-29.
- ↑ "ഹാൻഡ് ബുക്ക് ഓഫ് കോപ്പിറൈറ്റ് ലോ; ഭരതസർക്കാർ". Archived from the original on 2008-10-13. Retrieved 2008-12-03.
- ↑ നിമ്മർ ഓൺ കോപ്പിറൈറ്റ്, മെൽവിൽ നിമ്മർ ആന്റ് ഡേവിഡ് നിമ്മർ, 1997,
ഈ ലേഖനം അപൂർണ്ണമാണ്. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക. |